റാഞ്ചി: പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും 10 രൂപ നിരക്കില്‍ ലുങ്കിയും സാരിയും നല്‍കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം സബ്സിഡി നിരക്കില്‍ ദോത്തി അല്ലെങ്കില്‍ ലുങ്കി, സാരി എന്നിവ നല്‍കുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ യോഗ്യരായ എല്ലാ കുടുംബങ്ങള്‍ക്കും അന്ത്യോദയ അന്ന യോജന പ്രകാരം അര്‍ഹരായ കുടുംബങ്ങള്‍ക്കുമായിരിക്കും വസ്ത്രങ്ങള്‍ വിതരണം ചെയ്യുക. ആറ് മാസത്തെ ഇടവേളയില്‍ വസ്ത്രങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സാരിയും ദോത്തിയും വിതരണം ചെയ്യുമെന്ന് ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തിരഞ്ഞെടുപ്പ് പ്രചരണ പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. വിലക്കുറവില്‍ വസ്ത്രങ്ങള്‍ നല്‍കുന്നത് പാവപ്പെട്ടവര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Discussion about this post