ലഖ്‌നൗ: ബുലന്ദ്ഷഹര്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങിനെ കൊന്നത് തന്റെ മകനാണെന്ന് തെളിഞ്ഞാല്‍ അവനെ താന്‍ തന്നെ കൊല്ലുമെന്ന് സൈനികനായി ജിത്തു ഫൗജിയുടെ അമ്മ. സുബോധ് കുമാറിനെ വെടിവച്ച് കൊലപ്പെടുത്തിയത് ഇപ്പോഴും സര്‍വീസിലുള്ള സൈനികനായ ജിത്തു ഫൗജിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ വീഡിയോകളില്‍ സുബോധ്കുമാറിന്റെ അടുത്തായി ജിത്തു ഫൗജി നില്‍ക്കുന്നത് കാണാമെന്ന് പാലീസ് പറയുന്നുണ്ട്. കൂടാതെ കലാപം നടന്ന അന്ന് വൈകീട്ട് തന്നെ ഇയാള്‍ ജോലി ചെയ്യുന്ന ശ്രീനഗറിലേയ്ക്ക് മടങ്ങിപ്പോയതും സംശയം ബലപ്പെടുത്തുന്നു.
ജീത്തുവാണ് പൊലീസുകാരനെ കൊന്നത് എന്ന് ചിത്രമോ വീഡിയോയോ തെളിയിച്ചാല്‍ ഞാന്‍ തന്നെ അവനെ കൊല്ലും. പൊലീസുകാരന്റെയും മറ്റേ യുവാവിന്റേയും കൊലപാതകങ്ങളില്‍ വിഷമമുണ്ട് എന്ന് ജീത്തു ഫൗജിയുടെ അമ്മ രത്തന്‍ കൗര്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പോലീസ് തന്റെ വീട് റെയ്ഡ് ചെയ്ത് അതിക്രമം നടത്തിയതായും ജീത്തുവിന്റെ ഭാര്യ പ്രിയങ്കയെ ഉപദ്രവിച്ചതായും വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചതായും രത്തന്‍ കൗര്‍ ആരോപിക്കുന്നു.
ജിത്തുവിനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.