ന്യൂഡൽഹി: ചാണകം റേഡിയേഷൻ കുറയ്ക്കുന്നു എന്ന രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയയുടെ വാദത്തിനെതിരെ രാജ്യത്തെ ശാസ്ത്രജ്ഞർ രംഗത്ത്. പ്രസ്താവനക്ക് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ 400 ഓളം ശാസ്ത്രജ്ഞർ കതിരിയക്ക് തുറന്നകത്തെഴുതിയിരിക്കുകയാണ്.
ഒക്‌ടോബർ 13ന് നടത്തിയ വാർത്തസമ്മേളനത്തിലാണ് കതിരിയ ‘ചാണകചിപ്പ്’ അവതരിപ്പിച്ചത്. മൊബൈൽ ഫോൺ കൊണ്ടുനടക്കുമ്പോഴുണ്ടാകുന്ന റേഡിയേഷൻ കുറക്കാൻ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു. ഐഐടി ബോംബെ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റിയട്ട് ഓഫ് സയൻസ് എജ്യുകേഷൻ ആൻ റിസർച്ച് അടക്കമുള്ള ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരാണ് കത്തെഴുതിയിരിക്കുന്നത്.
”നിങ്ങളുടെ പ്രസംഗത്തിൽ എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് പലകുറി പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു, എവിടെയാണ് ശാസ്ത്രീയ പരീക്ഷണം നടത്തിയത്, ആരൊക്കെയായിരുന്നു മുഖ്യ ഗവേഷകർ, എവിടെയാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്, ഇതുമായി പദ്ധപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണ്’ തുടങ്ങിയ ചോദ്യങ്ങളാണ് ശാസ്ത്രജ്ഞർ കത്തിൽ ഉന്നയിച്ചിട്ടുള്ളത്.
വാദങ്ങൾ തെളിയിക്കാനായില്ലെങ്കിൽ ഭരണഘടനയ്‌ക്കെതിരാണ് താങ്കളുടെ പ്രവർത്തി എന്നുപറയേണ്ടി വരും. ആർട്ടിക്കിൾ 51 എയിൽ ശാസ്ത്രീയ അവബോധം വളർത്തേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും കർത്തവ്യമാണെന്ന് പറയുന്നുണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
Discussion about this post