ന്യൂഡൽഹി: രാജ്യത്തേക്ക് എയർ കണ്ടീഷണറുകൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചൈനയെയായിരിക്കും തീരുമാനം പ്രധാനമായും ബാധിക്കുക. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ വിദേശ വ്യാപാരവിഭാഗം ഡയറക്ടർ ജനറലാ(ഡിജിഎഫ്ടി)ണ് ഇതുസംബന്ധിച്ച് വിജ്ഞാനപനം പുറത്തിറക്കിയത്.
ഇറക്കുമതിക്ക് നിരോധനമുള്ള ഉത്പന്നങ്ങളുടെ പട്ടികയിലേയ്ക്കാണ് എസിയെ മാറ്റിയത്. 600 കോടി ഡോളർ മൂല്യമുള്ള രാജ്യത്തെ എസിയുടെ വിപണിയെ ലക്ഷ്യം വെയ്ക്കുന്ന വിദേശ രാജ്യങ്ങൾക്ക് ഈ തീരുമാനം കടുത്ത നിരാശ സമ്മാനിക്കുമെന്ന് ഉറപ്പാണ്. രാജ്യത്തുതന്നെ ഉത്പാദനംതുടങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നിരോധനം കൊണ്ടുവന്നത്. ഇതോടെ രാജ്യത്തെ എസി ഉത്പാദനമേഖലയ്ക്ക് ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയർ, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നേരത്തെതന്നെ ഇന്ത്യ നിരോധിച്ചിരുന്നു. ആഭ്യന്തര ഉത്പാദകരുടെ ആവശ്യത്തെടുർന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നുള്ള കോളിൻ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവർഷത്തേയ്ക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ശുപാർശചെയ്യാനും വാണിജ്യമന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് (ഡിജിടിആർ)തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര വിലയേക്കാൾ കുറഞ്ഞവിലക്ക് വിദേശത്ത് ഉത്പന്നം ലഭ്യമാകുമ്പോൾ ഏർപ്പെടുത്തുന്ന നികുതിയാണിത്. ജൂബിലന്റ് ലൈഫ് സയൻസാണ് ഇക്കാര്യവുമായി മന്ത്രാലയത്തെ സമീപിച്ചത്.
Discussion about this post