ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ ക്രൂരമായി കൊലപ്പെട്ട പെണ്‍കുട്ടിയുടേതെന്ന പേരില്‍ തന്റെ ഭാര്യയുടെ ചിത്രം പ്രചരിക്കുന്നതായി യുവാവിന്റെ പരാതി. അത്, എന്റെ മരിച്ചപോയ ഭാര്യയുടെ ചിത്രം, നടപടി വേണം, യുവാവ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
യുവാവിന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി ജസ്റ്റിസ് നവീന്‍ ചൗള പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ ഫേസ്ബുക്ക്, ഗൂഗ്ള്‍, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടാതെ യുവാവിനോട് കോടതി ഉത്തരവിന്റെ പകര്‍പ്പും മതിയായ രേഖകളും സര്‍ക്കാറിന് കൈമാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തെറ്റായ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന യുആര്‍എല്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗ്ള്‍ എന്നിവക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നവംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.