ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാൾ മികച്ച രീതിയിൽ കൊവിഡിനെ എതിരിട്ടുവെന്ന് രാഹുൽ വിമർശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ഇന്ത്യയുടെ ആളോഹരി ജിഡിപി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. കേന്ദ്രത്തെ പരിഹസിച്ച് ബിജെപി സർക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്.
ജോൺ ഹോപ്കിൻസ് സർവ്വകലാശാല കണക്കുപ്രകാരം പാകിസ്താനിൽ നിലവിൽ 3,21,877 കോവിഡ് രോഗികളാണുള്ളത്. അഫ്ഗാനിസ്താനിൽ 40,026 പേർക്കും രോഗം പിടിപെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ 73,07,098 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പെ തന്നെ, പാകിസ്താനും അഫ്ഗാനിസ്ഥാനും ഇന്ത്യയെക്കാൾ ജനസംഖ്യ ഏറെ കുറഞ്ഞ രാജ്യങ്ങളാണെന്നതും ചേർത്തുവായിക്കണം.