ചണ്ഡീഗഡ്: ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വർ ദത്ത് ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ബിജെപിയുടെ ടിക്കറ്റിലാണ് താരം തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്. ബറോഡ മണ്ഡലത്തിൽ നിന്നാണ് യോഗേശ്വർ വീണ്ടും ജനവിധി തേടുന്നത്.
ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് യോഗേശ്വർ ദത്തിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വർ ദത്ത് ബിജെപിയിൽ ചേർന്നത്. അന്ന് ബറോഡ സീറ്റിൽ നിന്നും മത്സരിച്ച യോഗേശ്വർ പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി കൃഷൻ ഹൂഡ 4840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
സോനിപത്ത് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് ബറോഡ നിയമസഭ മണ്ഡലം. 2012 ഒളിമ്പിക്സിൽ വെങ്കല മെഡലും 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും യോഗേശ്വർ ദത്ത് നേടിയിരുന്നു. 2013ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
Discussion about this post