ന്യൂഡൽഹി: പരമ്പരാഗതമായുള്ള രാഷ്ട്രീയ വൈര്യം മറന്ന് കാശ്മീരിലെ പ്രമുഖ പാർട്ടികൾ ഇനി ഒരു കുടക്കീഴിൽ. രാഷ്ട്രീയ എതിരാളിയായ മെഹ്ബൂബ മുഫ്തിയുടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി)യുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള സഖ്യം പ്രഖ്യാപിച്ചു. 2019 ഓഗസ്റ്റ് അഞ്ചിനു മുമ്പ് കാശ്മീരിലെ ജനങ്ങൾക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ കേന്ദ്ര സർക്കാർ തിരിച്ചു നൽകണമെന്ന് ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. വീട്ടുതടങ്കൽ അവസാനിച്ചതിന് പിന്നാലെ മെഹ്ബൂബ മുഫ്തി പങ്കെടുത്ത രാഷ്ട്രീയ യോഗത്തിലാണ് തീരുമാനം
ഇരുപാർട്ടികളും ചേർന്ന് പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷൻ എന്നാണ് സഖ്യത്തിന് പേരിട്ടിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. കാശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച വിഷയം ചർച്ചചെയ്യാൻ ഫാറൂഖ് അബ്ദുള്ളയുടെ വസതിയിൽ ചേർന്ന യോഗത്തിനുശേഷമാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേന്ദ്ര സർക്കാർ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇതിനു പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി അടക്കമുള്ള പ്രധാനപ്പെട്ട കാശ്മീർ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഒമർ അബ്ദുള്ളയേയും ഫാറൂഖ് അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചുവെങ്കിലും ഒരു വർഷത്തിലധികം വീട്ടുതടങ്കലിൽ കഴിയേണ്ടിവന്ന മെഹ്ബൂബയെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്.
Discussion about this post