ന്യൂഡല്‍ഹി: ബാര്‍ക്ക് റേറ്റിങ്ങുമായി ബന്ധപ്പെട്ട വിവാദ വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ റിപ്പബ്ലിക് ടിവിയുടെ ഹര്‍ജി സുപ്രീം കോടതി സ്വീകരിച്ചില്ല. ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് കോടതിയുടെ നിര്‍ദേശം. ഗോസ്വാമിക്കെതിരായി മുംബൈ പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഗോസ്വാമിയോട് ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.
‘നിങ്ങള്‍ ഇതിനകം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അവിടെ കേസ് നിലനില്‍ക്കെ ഈ അപേക്ഷ ഇവിടെ നല്‍കുന്നത് ഹൈക്കോടതികളില്‍ വിശ്വാസമില്ലെന്ന സന്ദേശമാണ് നല്‍കുന്നത്..സിആര്‍പിസി ചാര്‍ജ്ജ് ചെയ്യപ്പെടുന്ന മറ്റേതൊരു പൗരനെയും പോലെ ഹൈക്കോടതിയെയാണ് നിങ്ങള്‍ സമീപിക്കേണ്ടത്’, സുപ്രീം കോടതി പറഞ്ഞു.
ബോംബെ ഹൈക്കോടതിയില്‍ ഉറപ്പായും വിശ്വാസം ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബെ ഹൈക്കോടതി നില്ക്കുന്ന ഫ്ളോറ ഫൗണ്ടേഷന് സമീപത്തെ വോര്‍ളിയിലാണ് റിപ്പബ്ലിക് ടിവിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും സുപ്രീം കോടതി പറയുന്നു. സുപ്രീംകോടതി നിരസിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഗോസ്വാമിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വേ പറഞ്ഞു.
Discussion about this post