ഉത്തര്‍പ്രദേശ്: കൊടുംപട്ടിണി മൂലം ഉത്തര്‍പ്രദേശില്‍ അമ്മ ആറുവയസുകാരിയെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബെസ്‌കി ഗ്രാമത്തിലാണ് സംഭവം. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയാതിരുന്നതിനാലാണ് മൂന്നാമത്തെ കുട്ടിയെ അമ്മ കൊലപ്പെടുത്തിയത്.
ഉഷാ ദേവിയുടെ കുടുംബം കടുത്ത ദാരിദ്ര്യമാണ് മാസങ്ങളായി നേരിട്ടിരുന്നതെന്ന് ഹാണ്ടിയ പോലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ഉഷാകുമാരിയുടെ ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടിരുന്നെന്നും തുടര്‍ന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നു കുടുംബമെന്നും പോലീസ് വ്യക്തമാക്കി.
വീട്ടുപണി ചെയ്ത് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കാന്‍ കഴിയാതിരുന്നതിനാല്‍ ഉഷാ ദേവി മാനസികമായ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും പോലീസ് അറിയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉഷാദേവി മകളെ കൊലപ്പെടുത്തിയതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
പട്ടിണി മൂലം കുട്ടികളെ മാതാപിതാക്കള്‍ കൊല്ലുന്ന സംഭവം നേരത്തേയും ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് 19ന്റെ സാഹചര്യത്തില്‍ രാജ്യത്ത് പെട്ടന്നുണ്ടായ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെട്ടതും പട്ടിണിയിലേക്ക് നയിച്ചിരുന്നുവെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.