ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഹ്തിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു. നീണ്ട 14 മാസത്തിന് ശേഷമാണ് മെഹബൂബയെ മോചിപ്പിച്ചത്. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെഹബൂബ മുഫ്തിയെ ഉടന്‍ മോചിതയാക്കും- എന്നായിരുന്നു ട്വീറ്റ്. ‘മിസ് മുഫ്തിയുടെ തടങ്കല്‍ ഒടുവില്‍ അവസാനിക്കുന്നു. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു- എന്നായിരുന്നു വാര്‍ത്ത സ്ഥിരീകരിച്ച് മെഹബൂബ ട്വീറ്റ് ചെയ്തത്.
ജമ്മുകാശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ജൂലൈയില്‍ മുഫ്തിയുടെ തടങ്കല്‍ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ 2019 ആഗസ്റ്റ് 5 മുതല്‍ മെഹബൂബ മുഫ്തി തടവിലാണ്. ആദ്യം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും പിന്നീട് സ്വന്തം വീട്ടിലുമായി തടവിലാക്കുകയായിരുന്നു.
മെഹബൂബയുടെ മോചനത്തെ രാഷ്ട്രീയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു. അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.
Ms. Mehbooba Mufti being released @dipr
— Rohit Kansal (@kansalrohit69) October 13, 2020
Discussion about this post