ചെന്നൈ: കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷ വിമർനവുമായി നടിയും മുൻ തമിഴ്‌നാട് കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദർ രംഗത്ത്. കോൺഗ്രസിന് ബുദ്ധിമതിയായ ഒരു സ്ത്രീയെ ആവശ്യമില്ലെന്നും പാർട്ടിക്കുള്ളിൽ ‘സത്യം സംസാരിക്കാൻ സ്വാതന്ത്ര്യമില്ല’ എന്നും താരം കുറ്റപ്പെടുത്തി.
ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഖുശ്ബു കോൺഗ്രസിനെ മാനസിക വൈകല്യമുള്ളവരായി വിശേഷിപ്പിക്കുകയും ചെയ്തു. ബിജെപി ഓഫീസിലെത്തി താരം മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
‘ഞാൻ കോൺഗ്രസിനോട് വിശ്വസ്തനായിരുന്നു, പക്ഷേ കോൺഗ്രസ് എന്നോട് അനാദരവ് കാണിച്ചു. അവർക്ക് (കോൺഗ്രസിന്) ബുദ്ധിമാനായ ഒരു സ്ത്രീ ആവശ്യമില്ലെന്ന് അവർ പറഞ്ഞു’. സ്വയം ‘പെരിയാറിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച ഖുശ്ബു ‘സത്യം സംസാരിക്കാൻ സ്വാതന്ത്ര്യം നൽകാത്ത ഒരു പാർട്ടി എങ്ങനെ നല്ലത് ചെയ്യുമെന്നും കുറ്റപ്പെടുത്തി.
പെരിയാറിസ്റ്റ് എന്നാൽ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവായ സാമൂഹ്യ പ്രവർത്തകൻ പെരിയാർ ഇ വി രാമസാമിയെ മാതൃകയാക്കിയയാൾ എന്നാണ്. പെരിയാർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വ്യക്തി കൂടിയായിരുന്നു. സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യമുള്ള താരത്തിന്റെ ഈ പ്രസ്താവന ഇതിനോടകം തന്നെ കോൺഗ്രസിനോടുള്ള തുറന്ന പോരിന് വഴിയൊരുക്കിയിരിക്കുകയാണ്.
Discussion about this post