ചെന്നൈ: കോൺഗ്രസിൽനിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന നടി ഖുശ്ബുവിനെതിരെ രൂക്ഷപ്രതികരണവുമായി നടി രഞ്ജിനി. ഖുശ്ബു സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണം കെടുത്തിയെന്ന് രഞ്ജിനി കുറ്റപ്പെടുത്തി.
”ബിജെപിയിൽ ചേർന്ന എന്റെ പ്രിയ സഹപ്രവർത്തക ഖുശ്ബുവിനെ അഭിനന്ദിക്കണോ എന്ന് എനിക്ക് നിശ്ചയമില്ല. ഡിഎംകെ, എഐഎഡിഎംകെ (താത്പര്യം കാണിച്ചു പക്ഷേ അംഗത്വമെടുത്തില്ല), കോൺഗ്രസ്, ഇന്നലെ ബിജെപി. അത്ഭുതപ്പെടേണ്ടതില്ല അടുത്തതായി സിപിഐഎമ്മിലേക്ക് ഖുശ്ബു ചേക്കേറും. രാഷ്ട്രീയത്തിൽ ക്ഷമ അത്യാവശ്യമാണ്. അതിലേറെ പ്രത്യയശാസ്ത്രവും പ്രധാനമാണ്. നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനം മാത്രമാവരുത് രാഷ്ട്രീയം”-രഞ്ജിനി പറയുന്നു.
”നമ്മുടെ പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ പാർട്ടിയേയും നിങ്ങൾ അപലപിച്ചത് കഴിഞ്ഞ ദിവസമാണ്. അതേ നിങ്ങൾ തന്നെ ഇന്ത്യയെ നയിക്കാൻ മോഡിജി മാത്രമാണ് ശരിയായ വ്യക്തിയെന്ന് അഭിപ്രായപ്പെട്ടതും കേട്ടു. അത് ഏറെ നിരാശാജനകമാണ്. നിങ്ങൾ അവസരവാദിയാണെന്നല്ലേ ഇത് തെളിയിക്കുന്നത്. പക്വതയില്ലാത്ത പ്രസ്താവനകളുടെ പേരിൽ മറ്റ് മേഖലകളിലെ ആളുകൾ അഭിനേതാക്കളെ കളിയാക്കുന്നതിൽ അതിശയിക്കാനില്ല. ഇന്ന് നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി നിങ്ങൾ സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി” രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു.
ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു ബിജെപിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തത്. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സിടി രവിയിൽനിന്നാണ് അവർ അംഗത്വമെടുത്തത്. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്.
Discussion about this post