ലഖ്‌നൗ: ഉറങ്ങിക്കിടന്ന മൂന്ന് ദളിത് സഹോദരിമാര്‍ക്ക് നേരെ ആസിഡ് ഒഴിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ഒരു ഗ്രാമത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 17,12, എട്ട് വയസ്സുള്ള പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സഹോദരിമാരായ പെണ്‍കുട്ടികള്‍ ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ ടെറസിലൂടെ വീട്ടില്‍ കയറിയ അക്രമി ഇവര്‍ക്ക് നേരേ ആസിഡ് ഒഴിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ പിതാവാണ് കുട്ടികളുടെ ദേഹത്ത് ആസിഡ് ഒഴിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
17-കാരിക്ക് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. 12-കാരിക്ക് 20 ശതമാനവും എട്ട് വയസ്സുകാരിക്ക് ഏഴ് ശതമാനവും പൊള്ളലേറ്റു. മൂവരും ഗോണ്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൂത്ത മകള്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്നും മകളുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് ആസിഡ് ആക്രമണം നടന്നതെന്നും പെണ്‍കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ആസിഡ് വീണ് അവളുടെ മുഖത്തെല്ലാം പൊള്ളലേറ്റിട്ടുണ്ട്. ഇനി എങ്ങനെ വിവാഹം നടക്കുമെന്ന് തനിക്കറിയില്ല’- പിതാവ് പറയുന്നു. വിവരമറിഞ്ഞ് പോലീസും ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.