മുംബൈ: മഹാരാഷ്ട്രയിൽ ആരാധനാലയങ്ങൾ തുറക്കുന്നതിനെ ചൊല്ലി ഗവർണർ ഭഗത് സിങ് കോഷിയാരിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും തമ്മിൽ തർക്കം. ഉദ്ദവ് താക്കറെ പെട്ടെന്ന് മതേതരനായി മാറിയോ എന്ന് ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഗവർണർ ചോദിച്ചു.
‘ ഹിന്ദുക്കൾ നിങ്ങളുടെ ശക്തമായ വോട്ടുബാങ്കാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോധ്യ സന്ദർശിച്ചുകൊണ്ട് നിങ്ങൾ ശ്രീരാമനോടുള്ള ഭക്തി പരസ്യമായി പ്രകടിപ്പിച്ചു. നിങ്ങൾ പാണ്ഡാർപുരിലെ വിത്തൽ രുക്മിണി മന്ദിർ സന്ദർശിക്കുകയും പൂജകളിൽ പങ്കാളികളാകുകയും ചെയ്തു.’ – ഉദ്ദവ് താക്കറെയ്ക്ക് അയച്ച കത്തിൽ ഗവർണർ പറയുന്നു.
‘ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് നീട്ടിവെയ്ക്കാൻ നിങ്ങൾക്ക് എന്തെങ്കിലും ദൈവികമായ മുന്നറിയിപ്പ് ലഭിച്ചോയെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. അല്ലെങ്കിൽ നിങ്ങൾ പെട്ടെന്ന് സെക്യുലർ ആയോ?’കത്തിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരി ചോദിച്ചു.
എന്നാൽ, നിങ്ങൾ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തയാളാണെന്നും മതേതരത്വം ഭരണഘടനയുടെ ഭാഗമാണെന്നും ഓർമിപ്പിച്ചുകൊണ്ട് ഉദ്ദവ് താക്കറെയും രംഗത്തെത്തി.
മഹാരാഷ്ട്രയിൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ക്ഷേത്രങ്ങൾ വീണ്ടും തുറക്കാൻ അനുമതി നൽകാത്തതിൽ സർക്കാരിനെതിരെ ബിജെപി നേതാക്കൾ പ്രതിഷേധത്തിലാണ്. ക്ഷേത്രത്തിന് പുറത്ത് ബിജെപി നേതാക്കൾ സമരം തുടരുകയുമാണ്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ ഗവർണറും മുഖ്യമന്ത്രിയും ഏറ്റുമുട്ടിയത്.
Discussion about this post