ന്യൂഡല്‍ഹി: തനിഷ്ഖ് ജ്വല്ലറിയുടെ പുതിയ പരസ്യത്തിന് എതിരെ ലൗജിഹാദ് ആരോപണമുന്നയിച്ച് സംഘപരിവാര്‍ അനുകൂലികള്‍ ബഹിഷ്‌കരണ ആഹ്വാനം നടത്തുന്നതിനിടെ പരസ്യത്തെ പിന്തുണച്ച് ശശി തരൂര്‍ എംപി. ഹിന്ദു-മുസ്ലിം ഐക്യം അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ വര്‍ഗീയവാദികള്‍ ബഹിഷ്‌കരിക്കേണ്ടത് ഇന്ത്യയെ ആണെന്ന് ശശി തരൂര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശശി തരൂര്‍ പിന്തുണ നല്‍കിയത്.
”ഹിന്ദു-മുസ്ലിം ഐക്യത്തെ പരസ്യത്തിലൂടെ പിന്തുണക്കുന്നു എന്ന കാരണം പറഞ്ഞ് ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ‘തനിഷ്ഖ്’ ജ്വല്ലറിയെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നു.ഹിന്ദു-മുസ്ലിം ഐക്യം ഈ വര്‍ഗീയ വാദികളെ ഇത്ര അലോസരപ്പെടുത്തുന്നവെങ്കില്‍ അവര്‍ ബഹിഷ്‌കരിക്കേണ്ടത് ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ എക്കാലത്തെയും പ്രതീകമായ ഇന്ത്യയെത്തന്നെയല്ലേ” -തരൂര്‍ ട്വീറ്റ് ചെയ്തു.
So Hindutva bigots have called for a boycott of @TanishqJewelry for highlighting Hindu-Muslim unity through this beautiful ad. If Hindu-Muslim “ekatvam” irks them so much, why don’t they boycott the longest surviving symbol of Hindu-Muslim unity in the world — India? pic.twitter.com/cV0LpWzjda
— Shashi Tharoor (@ShashiTharoor) October 13, 2020
തനിഷ്ഖ് ജ്വല്ലറിയുടെ പുതിയ പരസ്യം ലൗജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ജ്വല്ലറിക്കെതിരെ സംഘപരിവാര്‍ അനുകൂലികളുടെ ബഹിഷ്‌കരണ ആഹ്വാനം. ദീപാവലിക്ക് മുന്നോടിയായി തനിഷ്ഖ് ജ്വല്ലറി ഇറക്കിയ പുതിയ പരസ്യത്തിന് എതിരെയാണ് ലൗജിഹാദ് ആരോപണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു യുവതിയുടെ ഗര്‍ഭകാല ചടങ്ങുകള്‍ മുസ്ലീംകുടുംബത്തില്‍ നടക്കുന്നതാണ് പരസ്യത്തിലുള്ളത്. ഇതാണ് തീവ്ര ഹിന്ദു ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ച് ജ്വല്ലറിക്ക് എതിരെ ബഹിഷ്‌കരണ ക്യാമ്പെയ്ന്‍ തുടങ്ങിയത്.
മുസ്ലിം യുവാവ് വിവാഹം കഴിച്ച യുവതി ഗര്‍ഭിണിയായപ്പോഴുള്ള ചടങ്ങുകളാണ് പരസ്യത്തില്‍ കാണിക്കുന്നത്. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഭര്‍തൃഗൃഹത്തില്‍ നടത്തുന്നു. മുസ്ലിം വീടുകളില്‍ നടത്താറുള്ള ചടങ്ങുകളല്ലല്ലോയെന്ന് മരുമകള്‍ അമ്മായിയമ്മയോട് ചോദിക്കുമ്പോള്‍ ചടങ്ങുകള്‍ പാരമ്പര്യമല്ലെന്നും പെണ്‍കുട്ടി സന്തോഷവതിയായി ഇരിക്കുകയെന്നതാണ് എല്ലാ വീടുകളുടെയും പാരമ്പര്യമെന്ന് അവര്‍ മറുപടി നല്‍കുന്നു. ദീപാവലിക്ക് മുന്നോടിയായി ഇറക്കിയ ഏകത്വം എന്ന് പേരിട്ടിരിക്കുന്ന ആഭരണശേഖരത്തിന്റെ പരസ്യമാണിത്. മതത്തിനും പാരമ്പര്യത്തിനും അപ്പുറമാണ് സ്നേഹബന്ധമെന്നാണ് പരസ്യം ചൂണ്ടിക്കാണിക്കുന്നത്.
പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹിന്ദു മുസ്ലീം ഐക്യമാണ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചത്. ഹിന്ദു യുവതികള്‍ മുസ്ലിമിനെ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് തനിഷ്‌കിന്റെ പരസ്യമെന്നും ട്വിറ്റര്‍ കാമ്പെയിനില്‍ പറയുന്നു. ടാറ്റയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു. നിരവധി പ്രമുഖരായ ബിജെപി നേതാക്കളും വിദ്വേഷ പ്രചരണം നടത്തുന്നുണ്ട്.
Discussion about this post