മോണ്ടിനഗർ: മഹാമാരി കാലത്ത് മറ്റു മനുഷ്യജീവനുകളെ സംരക്ഷിക്കാൻ തനിക്കുമേൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി നിറവേറ്റാൻ പ്രസവാനന്തര അവധി പോലും വേണ്ടെന്ന് വെച്ച് ഈ ഐഎഎസ് ഉദ്യോഗസ്ഥ. പ്രസവാനന്തരം പതിനാല് ദിവസം മാത്രം വിശ്രമിച്ച ശേഷം തന്റെ കർത്തവ്യ മേഖലയിലേക്ക് തിരികെ എത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ മോണ്ടിനഗർ സബ് കലക്ടർ സൗമ്യ പാണ്ഡെ. പെൺകുഞ്ഞിനാണ് സൗമ്യ ജന്മം നൽകിയത്. സമൂഹത്തിനായി തന്റെ അസൗകര്യങ്ങൾ മാറ്റിവെച്ച ഈ യുവ ഐഎഎസ് ഉദ്യോഗസ്ഥയെ രാജ്യം തന്നെ അഭിനന്ദിക്കുകയാണ്. നേരത്തെ, രാജ്യത്ത് തന്നെ നാലാം റാങ്ക് സ്വന്തമാക്കിയാണ് സൗമ്യ സിവിൽ സർവീസിലെത്തിയത്.
‘ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതുകൊണ്ട് മറ്റു കാര്യങ്ങളെല്ലാം എന്റെ സർവീസ് കഴിഞ്ഞു മാത്രമേ എനിക്ക് നോക്കാൻ സാധിക്കുള്ളു. ഗ്രാമങ്ങളിൽ പ്രസവത്തിന് തൊട്ടു മുൻപ് പോലും സ്ത്രീകൾ വീട്ടു ജോലികളും മറ്റും ചെയ്യുന്നുണ്ട്. പ്രസവത്തിന് ശേഷവും അവർ അവരുടെ ജോലികളിലേക്ക് എത്രയും വേഗം തിരികെ പോകുന്നു. എനിക്ക് അതുപോലെ എന്റെ ഭരണ നിർവഹണ ജോലികൾ മൂന്നാഴ്ച പ്രായമുള്ള കുഞ്ഞിനൊപ്പം ചെയ്യാൻ സാധിക്കുന്നു എന്നത് ദൈവകൃപയാണ്”-കൊവിഡ് നോഡൽ ഓഫീസറായ സൗമ്യ പറയുന്നു.
തനിക്ക് ഇക്കാര്യത്തിൽ കുടുംബം പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും സൗമ്യ കൂട്ടിച്ചേർത്തു. പ്രസവ സമയത്ത് 22 ദിവസത്തെ ലീവ് മാത്രമാണ് സൗമ്യ എടുത്തത്. രണ്ടാഴ്ചയ്ക്ക് ശേഷം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
Discussion about this post