ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെ നാൾ അടച്ചിട്ടത് ഇന്ത്യയുടെ ഭാവി വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ഇന്ത്യയിൽ മാത്രം 400 ബില്യൺ ഡോളർ (ഏകദേശം 30 ലക്ഷം കോടി രൂപ) വരുമാന നഷ്ടമാണ് ലോക ബാങ്ക് കണക്കാക്കുന്നത്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ നഷ്ടമുണ്ടാകുന്നതിന് പുറമെയാണ് ഈ വരുമാനനഷ്ടം.
ഗാർഹിക തൊഴിൽ വരുമാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലവിലെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് വരുമാനനഷ്ടം കണക്കാക്കിയിരിക്കുന്നത്. നിലവിൽ വിദ്യാഭ്യാസം നേടുന്ന ഒരു കുട്ടി തൊഴിലിൽ പ്രവേശിച്ചുകഴിഞ്ഞാൽ ലഭിക്കുന്ന ആജീവനാന്ത വരുമാനത്തിൽ നിന്നും ആകെ 4400 ഡോളർ നഷ്ടമായേക്കാം. ആകെ വരുമാനത്തിന്റെ അഞ്ച് ശതമാനത്തോളമാണ് ഇത്.
ഇത്തരത്തിൽ നിലവിലെ കണക്കുകളെ അടിസ്ഥാനമാക്കി കണക്കുകൂട്ടിയാൽ 622 ബില്ല്യൺ ഡോളർ മുതൽ 880 ബില്ല്യൺ ഡോളർ നഷ്ടമാണ് ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കുണ്ടാവുക എന്നാണ് ലോകബാങ്കിന്റെ കണക്കുകൾ പ്രവചിക്കുന്നത്. എല്ലാ രാജ്യങ്ങളും നഷ്ടം നേരിടേണ്ടി വരുമെങ്കിലും ഏറ്റവും കൂടുതൽ ഇന്ത്യയ്ക്കാവും ഉണ്ടാവുക.
ഏറ്റവും മോശപ്പെട്ടതരത്തിലുള്ള പ്രത്യാഘാതങ്ങൾ നിലനിൽക്കുന്നതിൽ ദക്ഷിണേഷ്യ വലിയ സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 391 ദശലക്ഷം വിദ്യാർത്ഥികളാണ് കൊവിഡ് മൂലം പ്രതിസന്ധി നേരിടുന്നത്. 55 ലക്ഷം വിദ്യാർത്ഥികൾക്ക് പഠനത്തിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നു, ഇത് ഒരു തലമുറയുടെ ഉത്പാദനക്ഷമതയെ പൂർണമായും ബാധിച്ചുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
Discussion about this post