വേലക്കാരനെ കൊലപ്പെടുത്തി സ്വയം മരിച്ചതായി ചിത്രീകരിച്ചു; അമ്പത് ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സ് തുക തട്ടാന്‍ ശ്രമിച്ചയാളും ബന്ധുവും അറസ്റ്റില്‍

ചണ്ഡീഗഢ്: വീട്ടുജോലിക്കാരനെ കൊലപ്പെടുത്തി അമ്പത് ലക്ഷം രൂപയോളം വരുന്ന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. സുകുമാരക്കുറുപ്പ് മോഡല്‍ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്ത ആകാശ്, അനന്തരവനായ രവി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു

മകള്‍ക്ക് വിദേശത്ത് പഠിക്കുന്നതിനായി 50 ലക്ഷം രൂപ ആവശ്യമായിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിച്ചാല്‍ ഇതു സാധ്യമാണെന്ന് മനസിലാക്കിയ ആകാശ് അതിന് കണ്ടെത്തിയ മാര്‍ഗം താന്‍ മരിച്ചതായി ഇന്‍ഷുറന്‍സ് കമ്പനിയെ ധരിപ്പിക്കുകയായിരുന്നു. ഭാര്യയും മകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളുടെ സഹായത്തോടെയാണ് ആകാശ് പദ്ധതി നടപ്പിലാക്കിയത്.

നവംബര്‍ 18 ന് സഹോദരി പുത്രന്‍ രവിയും ആകാശും ചേര്‍ന്ന് വേലക്കാരനായ രാജുവിന് മദ്യം നല്‍കിയ ശേഷം കൊലപ്പെടുത്തി. തുടര്‍ന്ന് കാറിന്റെ സീറ്റില്‍ ഇരുത്തിയ ശേഷം കാര്‍ കത്തിച്ചു. നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം ആകാശിന്റെ ഭാര്യം മകളും ചേര്‍ന്ന് അകാശ് അപകടത്തില്‍ മരിച്ചുവെന്ന് പോലീസില്‍ അറിയിച്ചു. പിന്നീട് ഇന്‍ഷുറന്‍സ് തുകയ്ക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.

ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി രവി ധൃതി കൂട്ടിയതാണ് കേസില്‍ വഴിത്തിരിവായത്. തുക വേഗത്തില്‍ ലഭിക്കാനായി സമ്മര്‍ദ്ദം ചെലുത്തിയതോടെ സംശയം തോന്നിയ പോലീസ് രവിയെ ചോദ്യം ചെയ്തു.

അതേസമയം, രാജുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നു നടന്ന ചോദ്യം ചെയ്യലില്‍ കൊലപാതകത്തെ കുറിച്ചുള്ള വിവരം രവി പോലീസിനോട് പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവേ ആകാശിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇത്തരത്തില്‍ ഒരു കൊലപാതകം നടത്താനുള്ള ആശയം ഒരു ബോളിവുഡ് സിനിമയില്‍ നിന്നാണ് ലഭിച്ചതെന്ന് ആകാശും രവിയും പോലീസിനോട് സമ്മതിച്ചു.
മകളെ വിദേശത്തയച്ച് വിദ്യാഭ്യാസം നല്‍കണമെന്ന് ആകാശ് അതിയായി ആഗ്രഹിച്ചിരുന്നു.

Exit mobile version