ബെംഗളൂരു; കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റി. പകരം മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല നല്‍കി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉത്തരവിട്ടു. തിങ്കളാഴ്ച നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ചുമതല ഡോ. കെ. സുധാകറിന് നല്‍കിയത്.
കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുമെന്ന് നിയുക്ത ആരോഗ്യമന്ത്രി ഡോ. കെ സുധാകര് വ്യക്തമാക്കി. അയല്‍ സംസ്ഥാനമായ കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണ്. കേരളത്തെ മാതൃകയാക്കി മുന്നോട്ടുപോകും. സംസ്ഥാനത്തെ ആരോഗ്യ പരിപാലന സംവിധാനം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലെ കൊവിഡ് മരണ നിരക്ക് കുറച്ചുകൊണ്ടുവരിക എന്നതിനാവും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്നും ഡോ. കെ സുധാകര് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ നേതാവാണ് സുധാകര്‍. ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയ ശ്രീരാമലുവിന് സാമൂഹ്യക്ഷേമ വകുപ്പാണ് നല്‍കിയിട്ടുള്ളത്. അതേസമയം ആരോഗ്യ മന്ത്രിയെ മാറ്റിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. ആരോഗ്യ മന്ത്രിയെ മാറ്റിയ നടപടി സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കൊവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നു എന്നതിന്റെ തെളിവാണിതെന്ന് പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ട്വീറ്റ് ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ കഴിവുകേട് മൂലമാണ് സംസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.