ലഖ്‌നൗ: ഉത്തർപ്രദേശിൽ നിന്നും കേസിന്റെ വിചാരണ മാറ്റണമെന്ന ആവശ്യവുമായി ഹഥ്‌റാസ് പെൺകുട്ടിയുടെ കുടുംബം ലഖ്‌നൗ കോടതിയിലെത്തി. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. രാജ്യത്തെ നടുക്കിയ ഹഥ്‌റാസ് കൊലപാതക കേസിൽ ലഖ്‌നൗ ബെഞ്ച് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സിങ് എന്നിവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ഇതിനിടെയാണ് കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. ഡൽഹിയിലേക്കോ മുംബൈയിലേക്കോ മാറ്റണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹഥ്‌റാസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിൽ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡിജിപി, എഡിജിപി എന്നിവരോട് നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകാനും ആവശ്യപ്പെട്ടിരുന്നു.
ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളുമായി കോടതിയിലെത്താൻ ഹഥ്‌റാസ് ജില്ലാ മജിസ്‌ട്രേറ്റിനോടും ജില്ലാ പോലീസ് മേധാവിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്നു ഹൈക്കോടതിയിൽ എത്തിയിരുന്നു.
Discussion about this post