ലഖ്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് യോഗത്തിനിടെ വനിതാ പ്രവർത്തകയ്ക്ക് നേരെ കൈയ്യേറ്റമുണ്ടായ സംഭവത്തിൽ അന്വേഷിക്കാൻ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു. ബലാത്സംഗ കേസിൽ ആരോപണ വിധേയനായ ആളെ സ്ഥാനാർത്ഥിയാക്കിയ നടപടി ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെയാണ് കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചത്. ഈ സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കമ്മിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രവർത്തകരെ സസ്‌പെന്റ് ചെയ്തുവെന്നും പാർട്ടി വക്താവ് പറഞ്ഞു.
ഉത്തർപ്രദേശിലെ ദിയോറിയയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണയമാണ് മഹിളാകോൺഗ്രസ് പ്രവർത്തക താര യാദവിനെതിരായ കൈയ്യേറ്റത്തിൽ കലാശിച്ചത്. ബലാത്സംഗ കേസിൽ ആരോപണ വിധേയനായ മുകുന്ദ് ഭാസ്‌കറിനെ ദിയോറിയയിൽ സ്ഥാനാർത്ഥിയാക്കിയത് ചോദ്യം ചെയ്ത പാർട്ടി പ്രവർത്തക താരാ യാദവിനെ നേതാക്കളും പ്രവർത്തകരും ചേർന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്. ഒരു ഭാഗത്ത് പാർട്ടി നീതിയ്ക്ക് വേണ്ടി പോരാടുന്നു. മറുഭാഗത്ത് ബലാത്സംഗ കേസിൽ ആരോപണ വിധേയന് ടിക്കറ്റ് നൽകുന്നു. ഈ നടപടി പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന് കയ്യേറ്റത്തിന് ഇരയായ താര യാദവ് പറഞ്ഞിരുന്നു. പ്രിയങ്കാ ഗാന്ധി ഈ വിഷയത്തിൽ നടപടി എടുക്കുന്നതിനായി കാത്തിരിക്കുകയാണെന്നും താരാ യാദവ് കൂട്ടിച്ചേർത്തു.
Discussion about this post