കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിന്റെ ഭേദഗതി; പരിസ്ഥിതിലോല മേഖലകളിലെ നിര്‍മ്മാണ നിയന്ത്രണം നീക്കി

ന്യൂഡല്‍ഹി:പശ്ചിമഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കസ്തൂരിരംഗന്‍ ഉത്തരവില്‍ ദേദഗതിയുമായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം.

2013 നവംബര്‍ 13ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ പശ്ചമിഘട്ട സംരക്ഷണത്തിനായുള്ള നിരോധന ഉത്തരവിലെ അഞ്ചാമത്തെ പാരഗ്രാഫിലാണ് ഭേദഗതി വരുത്തിയത്. ഇതോടെ പശ്ചിമഘട്ടത്തിലെ 3079 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാകും. പരിസ്ഥിതിലോല മേഖലകളുടെ വിസ്തൃതി 59,904 ചതുരശ്ര കിലോമീറ്ററായിരുന്നത് 56,824 ചതുരശ്ര കിലോ മീറ്ററായി കുറച്ചാണ് ഭേദഗതി.

പുതിയ വിജ്ഞാപനത്തോടെ പശ്ചിമഘട്ടത്തിലെ നിലവില്‍ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഒഴിവാക്കിയ 3079 ചതുരശ്ര കിലോമീറ്ററില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകും. 2013ലെത്തരവ് പ്രകാരം പരിസ്ഥിതിലോല മേഖലകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രദേശത്തും നിര്‍മ്മാണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ പുതുക്കിയ വിജ്ഞാപന പ്രകാരം ഒഴിവാക്കിയ മേഖലയിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു.

സാധാരണ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇനി ഇവിടെ സാധ്യമാകും. ഇത് അനുവദിച്ചു കൊണ്ടാണ് ഭേദഗതി. പുതിയ വിജ്ഞാപനത്തിലെ പരിസ്ഥിതിലോ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകും.

നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കുറച്ച് മേഖലകളെ ഒഴിവാക്കിയപ്പോഴും പശ്ചിമഘട്ടത്തില്‍നിന്ന് വനേതര മേഖലകള്‍ ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളുകയും ചെയ്തു. 2014ലെ കരടു വിജ്ഞാപനത്തില്‍ നല്‍കിയതില്‍ അപ്പുറം ഇളവുകള്‍ സംസ്ഥാനത്തിന് നല്‍കില്ലെന്നാണ് വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട്. ഇതോടെ സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലകളായി തുടരും.

2013 നവംബറിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരളത്തിലെ 123 വില്ലേജുകള്‍ ഉള്‍പ്പെടെ പശ്ചിമഘട്ട പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്ക് കസ്തൂരിരംഗന്‍ സമിതി നിര്‍ദേശിച്ച നിരോധന നടപടികള്‍ ബാധകമാക്കി ഇടക്കാല ഉത്തരവിറക്കിയത്.

Exit mobile version