കൊച്ചി: കൊവിഡ് ബാധിച്ചതു കൊണ്ട് മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് എത്രയും വേഗം മറ്റൊരു അവസരം നല്‍കുമെന്ന് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഹൈക്കോടതിയെ അറിയിച്ചു. സെപ്തംബര്‍ 13ന് നടത്തിയ നീറ്റ് എഴുതാന്‍ കഴിഞ്ഞില്ലെന്നും മറ്റൊരു അവസരം അനുവദിക്കണമെന്നും അതുവരെ ഫലപ്രഖ്യാപനം തടയണമെന്നും ആവശ്യപ്പെട്ട് തലശേരി സ്വദേശിനിയായ ശിവാനി പ്രദീപ് നല്‍കിയ ഹര്‍ജിയിലാണ് എന്‍ടിഎ വിശദീകരണം നല്‍കിയത്.
അതേസമയം സുപ്രീംകോടതി ഉത്തരവിനു വിധേയമായിട്ടാവും അവസരം നല്‍കുകയെന്നും പരീക്ഷയെഴുതാന്‍ യോഗ്യരാണെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണമെന്നും എന്‍ടിഎ വിശദീകരിച്ചു.
നീറ്റ് എഴുതുന്ന മറ്റു വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്നതിനാലാണ് കൊവിഡ് ബാധിതരെ പരീക്ഷയെഴുതിക്കേണ്ടെന്ന് സെപ്തംബര്‍ 11നു ചേര്‍ന്ന ഉപദേശകസമിതിയോഗം തീരുമാനിച്ചതെന്ന് എന്‍ടിഎ വ്യക്തമാക്കി.
രോഗികളായ കുട്ടികള്‍ക്കു മറ്റൊരു അവസരം നല്‍കാനും തീരുമാനിച്ചിരുന്നു. ഇത്തരത്തിലുള്ളവര്‍ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ്, സെപ്തംബര്‍ 13ന് രോഗബാധിതരായിരുന്നെന്ന് തെളിയിക്കുന്ന ആശുപത്രി അധികൃതരുടെയോ കൊവിഡ് സെന്റര്‍ അധികൃതരുടെയോ സര്‍ട്ടിഫിക്കറ്റ്, ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം സെപ്തംബര്‍ 23 നകം മെയില്‍ വഴി അപേക്ഷ നല്‍കാനും നിര്‍ദേശിച്ചിരുന്നെന്ന് എന്‍ടിഎ വ്യക്തമാക്കി.
Discussion about this post