ഡെറാഡൂണ്‍: മുസ്ലീം സമുദായത്തിന് ഇടയില്‍ നടന്നുവന്നിരുന്ന മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ മുസ്ലീം വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. സൈറ ബാനു ബിജെപിയില്‍ പ്രാഥമിക അംഗത്വം സ്വീകരിച്ച കാര്യം ഉത്തരാഖണ്ഡ് ബിജെപി നേതൃത്വം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഒക്ടോബര്‍ 10നാണ് ഡെറാഡൂണില്‍ വച്ച് ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെയും പ്രസിഡന്റ് ബന്‍സിന്ധര്‍ ഭഗത്തിന്റെയും സാന്നിദ്ധ്യത്തില്‍ വച്ചാണ് സൈറ ബാനു ബിജെപി അംഗത്വം സ്വീകരിച്ചത്.
”മുത്തലാഖിനെതിരെ ശബ്ദമുയര്‍ത്തിയ ധീരവനിത സൈറ ബാനു, ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയുടെ പ്രാഥമിക അംഗത്വം സ്വീകരിച്ചു”ഉത്തരാഖണ്ഡ് ബിജെപി നേതൃത്വം ട്വീറ്റ് ചെയ്തു.
2016 ലാണ് മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സൈറാ ബാനു അടങ്ങുന്ന സംഘം സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ നിന്ന് ഇത് തുടച്ചു നീക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. 15 വര്‍ഷത്തെ വൈവാഹിക ജീവിതം തപാലിലൂടെ മൂന്ന് തവണ തലാഖ് ചൊല്ലി അവസാനിപ്പിക്കുകയായിരുന്നു സൈറയുടെ ഭര്‍ത്താവ്. ഇതോടെയാണ് മുത്തലാഖിന് എതിരെ സൈറ ബാനു നിയമപോരാട്ടം ആരംഭിച്ചത്.