ഹൈദരാബാദ്: ഭര്‍തൃമാതാവിനെ പരസ്യമായി കൈയ്യേറ്റം ചെയ്ത മരുമകള്‍ക്കെതിരെയും ഇവരുടെ മാതാവിനെതിരേയും നടപടി സ്വീകരിച്ച് പോലീസ്. ഹൈദരാബാദ് മല്ലേപ്പള്ളി ഹുമയൂണ്‍ നഗര്‍ സ്വദേശികളായ ഉസ്മ ബീഗം, മാതാവ് ആസിഫ ബീഗം എന്നിവര്‍ക്കെതിരേയാണ് ഹുമയൂണ്‍ നഗര്‍ പോലീസ് കേസെടുത്തത്.
ഉസ്മയുടെ ഭര്‍തൃമാതാവ് തസ്‌നീം സുല്‍ത്താനയെ ഇരുവരും ചേര്‍ന്ന് കൈയ്യേറ്റം ചെയ്യുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളിലടക്കം സംഭവം വാര്‍ത്തയായതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വ്യാഴാഴ്ചയാണ് സംഭവം. 55-കാരിയായ തസ്‌നീം സുല്‍ത്താനയെ മരുമകളായ ഉസ്മ ബീഗം വലിച്ചിഴച്ച് തെരുവിലേക്കിറക്കുകയായിരുന്നു. ഉസ്മയുടെ മാതാവ് ആസിഫ ബീഗവും മകള്‍ക്കൊപ്പം ചേര്‍ന്ന് 55-കാരിയെ ആക്രമിച്ചു. സംഭവം നടക്കുമ്പോള്‍ ഒരു ചെറിയ കുട്ടി മാത്രമാണ് സമീപത്തുണ്ടായിരുന്നത്.
ഈ കുട്ടി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ടായിരുന്നു. ഉസ്മയും ഭര്‍തൃമാതാവും തമ്മിലുള്ള വാക്കുതര്‍ക്കമാണ് ഈ സംഭവത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. തസ്‌നീമിന്റെ മകന്‍ ഉബൈദ് അലി ഖാനും ഉസ്മ ബീഗവും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ഉബൈദ് അലി ഖാന്‍ സൗദിയിലേക്ക് മടങ്ങി.
ഇതിനുശേഷം ഉസ്മയും ഭര്‍തൃമാതാവും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. ഇതേച്ചൊല്ലി നേരത്തെ രണ്ടുപേരും പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്ന് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചു. എന്നാല്‍ കഴിഞ്ഞദിവസം മരുമകള്‍ താമസിക്കുന്ന വീടിന്റെ മുകള്‍നിലയിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകള്‍ തസ്‌നീം വിച്ഛേദിച്ചു.
ഇതാണ് അക്രമത്തില്‍ കലാശിച്ചത്. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍തൃമാതാവ് ഉപദ്രവിക്കാറുണ്ടെന്നാണ് ഉസ്മ ബീഗത്തിന്റെ പ്രതികരണം. സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനോ ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കാനോ ഇവര്‍ അനുവദിക്കാറില്ലെന്നും യുവതി പറഞ്ഞു.