ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിക്കുള്ള റിക്രൂട്ട്മെന്റ് നടപടിയില്‍നിന്ന് അഭിമുഖം ഒഴിവാക്കിയതായി കേന്ദ്ര പേഴ്സണല്‍ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ്. 23 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അഭിമുഖം ഒഴിവാക്കിയിരിക്കുന്നതെന്ന് മന്ത്രി അറിയിക്കുന്നു.
പേഴ്സണല്‍ മന്ത്രാലയത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ചാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്രസര്‍ക്കാരിലെ ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി തസ്തികകളിലേക്കുള്ള അഭിമുഖം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് 2016 മുതല്‍ ആരംഭിച്ച നടപടികളുടെ ഭാഗമായാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജോലിക്ക് തെരഞ്ഞെടുക്കുന്നത് പൂര്‍ണമായും എഴുത്തുപരീക്ഷയെ അടിസ്ഥാനമാക്കി വേണമെന്നും അഭിമുഖം ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശം 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടുവെച്ചിരുന്നു.