സുബോധിന്റെ മരണം ആകസ്മികം, ആള്‍ക്കൂട്ട ആക്രമണമല്ല; പശുവിന്റെ പേരില്‍ പോലീസുകാരനെ കൊന്ന അക്രമികളെ ന്യായീകരിച്ച് യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ആള്‍ക്കൂട്ട ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുവിന്റെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത് ആകസ്മിക സംഭവമാണെന്ന് യോഗി. കലാപം ആസൂത്രിതമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് കലാപകാരികളെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

പശുവിന്റെ ശരീരം കണ്ടതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിലാണ് ദാദ്രി കൊലപാതകം അന്വേഷിച്ച സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.

അക്രമികള്‍ക്കെതിരെ മിണ്ടാതെ പശുവിനെ കൊന്നവര്‍ക്കെതിരെ ആദ്യം നടപടി എടുക്കുമെന്നായിരുന്നു യോഗിയുടെ ആദ്യ പ്രസ്താവന. സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിട്ടും തെലങ്കാനയിലേയും രാജസ്ഥാനിലേയും തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലും ഗൊരഖ്പൂരിലെ ലേസര്‍ ഷോയും ഉദ്ഘാടനം ചെയ്ത ശേഷമാണ് യോഗി ആദിത്യനാഥ് വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു യോഗം വിളിച്ചത്. കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബവുമായി കൂടിക്കാഴ്ചയ്ക്ക് പോലും യോഗി തയ്യാറായത്.

കലാപവുമായി ബന്ധപ്പെട്ട് ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ കൊലപാതകം ആസൂത്രിതമാണെന്ന തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടും മറ്റ് പ്രതികളെ പിടികൂടാന്‍ യുപി പോലീസ് തയ്യാറായിട്ടില്ല.

കലാപത്തിന് ആക്കം കൂട്ടുന്ന വിധം പശുവിന്റെ ശരീരഭാഗങ്ങള്‍ പാടശേഖരത്തില്‍ കണ്ടെത്തിയതും തൊട്ടുപിന്നാലെ ബജ്‌റംഗ്ദള്‍ അടക്കമുള്ള തീവ്ര ഹിന്ദുത്വ സംഘടനകള്‍ സംഘടിച്ചതും കലാപം ആസൂത്രിതമാണെന്ന വാദം ശക്തിപ്പെടുത്തുന്നു.

Exit mobile version