വിദ്വേഷ പ്രചാരണം നടത്തുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെയും

മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ ആരോപണ വിധേയരായ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ലെ കമ്പനി. ഇത്തരത്തിലുള്ള മൂന്നു കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തിയെന്നും ഇനി പരസ്യം നല്‍കില്ലെന്നും വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോസ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാല്‍ലെയും പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

വിഷമയമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പാര്‍ലെ കമ്പനിയുടെ സീനിയര്‍ കാറ്റഗറി തലവന്‍ കൃഷ്ണറാവു ബുദ്ധ പറഞ്ഞു. ഇക്കാര്യത്തില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മറ്റു പരസ്യദാതാക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ചാനലുകളുടെ ഉള്ളടക്കം സംബന്ധിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ചാനലുകള്‍ക്ക് അത് പ്രേരണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പബ്ലിക് ടിവി, ഫാക്ട് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് ടിആര്‍പിയില്‍ കൃത്രിമം കാണിച്ചതായി പോലീസ് കേസെടുത്തത്.

Exit mobile version