ഭുവനേശ്വര്‍: ബിജെപിയുടെ ദേശീയ വക്താവും എംപിയുമായ അപരാജിത സാരംഗിയുടെ ഒഡീഷയിലുള്ള ഓഫീസ് പൂട്ടിച്ചു. ഭുവനേശ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതാണ് നടപടി. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എംപിയുടെ നടപടിക്കെതിരെ ഒഡീഷ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പലാസ്പള്ളിയിലുള്ള അപരാജിതയുടെ ഓഫീസ് ബിഎംസി സോണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റാബിനാരായണന്‍ ജേതി പൂട്ടിച്ചത്. 15 ദിവസം കഴിഞ്ഞ് മാത്രമേ ഇനി ഓഫീസ് തുറക്കാന്‍ പാടുള്ളൂവെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കൊവിഡ് ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും സാനിറ്റൈസേഷന് ശേഷം 15 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഭുവനേശ്വര്‍ എംപിയുടെ ഭാഗത്തുനിന്നു കൊവിഡ് പ്രോട്ടോക്കോളിന്റെ കടുത്ത ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തരമന്ത്രി ദിബ്യ ശങ്കര്‍ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്ക്ക് കത്തയച്ചിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് എംപി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നായിരുന്നു കത്തില്‍ ചൂണ്ടിക്കാട്ടിയത്. പിന്നാലെയാണ് നടപടി.