ഭുവനേശ്വര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ബിജെപി എംപിയുടെ ജന്മദിനാഘോഷം. ബിജെപി ദേശീയ വക്താവും ഭുവനേശ്വറില്‍ നിന്നുള്ള ലോക്സഭാംഗവുമായ അപരജിത സാരംഗിയുടെ ജന്മദിനാഘോഷത്തിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചത്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ധാരാളം സ്ത്രീകള്‍ അപരജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി പരിപാടിയുടെ വീഡിയോയില്‍ വ്യക്തമാണ്. അവര്‍ പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.
ജന്മദിനാഘോഷത്തിനിടയില്‍ അപരജിത കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അയച്ച കത്തില്‍ ഒഡീഷ ആഭ്യന്തര മന്ത്രി ഡിഎസ് മിശ്ര ആരോപിച്ച് രംഗത്തെത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി വീഡിയോയില്‍ ദൃശ്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ ക്ലിപ്പും അദ്ദേഹം മെയിലിനൊപ്പം അയക്കുകയും ചെയ്തു.
അതേസമയം, ആരോപണങ്ങള്‍ തള്ളി അപരാജിത രംഗത്തെത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എംപി പറയുന്നു. ‘എന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഡി.എസ്. മിശ്ര എനിക്ക് ജന്മദിനാശംസകള്‍ അയയ്ക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് കത്തെഴുതി.’ – അവര്‍ പറഞ്ഞു.