ന്യൂഡല്‍ഹി: തീയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുക നരേന്ദ്രമോഡിയുടെ ബയോപിക് ‘പി.എം നരേന്ദ്രമോഡി’. ഒക്ടോബര്‍ 15ന് റീറിലീസിന് ഒരുങ്ങുകയാണ് ചിത്രം. ചിത്രം ഇത്തവണ തീയറ്ററില്‍ മികച്ച നേട്ടം കൈവരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മാതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
2019 മെയ് 24നായിരുന്നു ചിത്രത്തിന്റെ ആദ്യ റിലീസ്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് റിലീസ് ചെയ്ത ചിത്രത്തിന് അന്ന് തിയേറ്ററുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിത്രം ഉപയോഗിക്കുന്നുവെന്നടക്കം വിമര്‍ശനം ഉയര്‍ന്നുവെങ്കിലും അന്ന് ചിത്രം റിലീസ് ചെയ്യുകയായിരുന്നു.
എന്നാല്‍ അന്നത്തെ ചില രാഷ്ട്രീയ അജണ്ടകളാല്‍ അധികം പ്രേക്ഷകരിലേയ്ക്ക് സിനിമ എത്തിയില്ലെന്നാണ് നിര്‍മ്മാതാവ് സന്ദീപ് സിംഗിന്റെ വാദം. തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഇന്നത്തെ കാലത്തെ ഏറ്റവും പ്രചോദനാത്മകനായ നേതാവിന്റെ കഥ കാണുന്നതിനേക്കാള്‍ മികച്ചതായി മറ്റെന്താണ് ഉളളതെന്നും സന്ദീപ് സിംഗ് പറയുന്നു.
‘നരേന്ദ്ര മോഡിയാണ് രാജ്യത്തെ മികച്ച പ്രധാനമന്ത്രി. 2019 ലെ തിരഞ്ഞെടുപ്പില്‍ ഇത് തെളിയിക്കപ്പെട്ടിരുന്നു. അവസാനമായി ചിത്രം റിലീസ് ചെയ്തപ്പോള്‍, ചില രാഷ്ട്രീയ അജണ്ടകളാല്‍, ചിത്രം പലര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. ചിത്രത്തിന്റെ റീറിലീസ് പ്രേക്ഷകര്‍ക്ക് മികച്ച അനുഭവമായിരിക്കുമെന്നും അവര്‍ തീയറ്ററില്‍ സിനിമയെ സ്വീകരിക്കുമെന്നും കരുതുന്നു.’- സന്ദീപ് സിംഗ് കൂട്ടിച്ചേര്‍ത്തു.
വിവേക് ഒബ്റോയിയാണ് ചിത്രത്തില്‍ നരേന്ദ്ര മോഡിയെ അവതരിപ്പിച്ചത്. ബോമന്‍ ഇറാനി, ദര്‍ശന്‍ കുമാര്‍, ബര്‍ഖ ബിഷ്ട് സെന്‍ഗുപ്ത, സറീന വഹാബ്, മനോജ് ജോഷി, പ്രശാന്ത് നാരായണന്‍, അക്ഷത് ആര്‍. സലൂജ, അന്‍ജന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യാതിന്‍ കാര്യേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മേരി കോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമംഗ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.