ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവും സൗഖ്യത്തോടെ ജീവിക്കുന്നവര്‍ ഇന്ത്യയിലെ മുസ്ലിങ്ങളാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഇന്ത്യയില്‍ മാത്രമാണ് ഇത്ര സന്തുഷ്ടിയോടെ മുസ്ലിമുകള്‍ കഴിയുന്നതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ പ്രാദേശിക മാഗസിനായ വിവേകിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗവതിന്റെ പ്രസ്താവനയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റൊരു മതം ഭരിക്കുന്ന രാജ്യങ്ങളിലെ മുസ്ലിമുകളുടെ അവസ്ഥ നോക്കൂ. ഇന്ത്യയില്‍ മാത്രമാണ് ഇത്ര സന്തുഷ്ടിയോടെ മുസ്ലിമുകള്‍ കഴിയുന്നത്. പാകിസ്ഥാനില്‍ മറ്റു മതങ്ങളുടെ അവസ്ഥ എങ്ങനെയാണ്.അവര്‍ക്ക് അവകാശങ്ങളില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മുടെ ഭരണഘടന പറയുന്നത് ഇവിടെ ഹിന്ദുക്കള്‍ക്ക് മാത്രം കഴിയാം എന്നല്ല. ഹിന്ദുക്കളാണ് അവര്‍ക്കായി ഇവിടെ ഇടം നല്‍കിയത്. അതിനാല്‍ ഇവിടെ കഴിയണം എന്നുണ്ടെങ്കില്‍, ഹിന്ദുക്കളുടെ മേല്‍ക്കൈ അംഗീകരിച്ചേ പറ്റൂവെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ സംസ്‌കാരത്തിനെതിരായ ഒരു ആക്രമണം ഉണ്ടായ സമയത്ത് എല്ലാ വിശ്വാസങ്ങളില്‍ നിന്നുള്ളവര്‍ അത് ഒന്നിച്ചാണ് നേരിട്ടത്. മേവാര്‍ രാജാവായിരുന്ന മഹാറാണ പ്രതാപിന്റെ സേനയില്‍ നിരവധി മുസ്ലിമുകളും ഉണ്ടായിരുന്നു. ഇവരടക്കമുള്ളവരാണ് മുഗള്‍ രാജാവായ അക്ബറിനെതിരെ പടവെട്ടിയതെന്നും ഉദാഹരണായി മോഹന് ഭാഗവത് പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രം മതപരമായ ഒരു നിര്‍മ്മിതി മാത്രമായിരിക്കില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്തിന്റെ സ്വഭാവവും മൂല്യത്തിന്റേയും അടയാള ആയിരിക്കും അയോധ്യയിലെ രാമക്ഷേത്രം എന്നും ആര്‍എസ്എസ് മേധാവി വ്യക്തമാക്കി.