പസ്വാന്റെ വകുപ്പുകള്‍ പിയൂഷ് ഗോയലിന്; രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ റയില്‍വേ മന്ത്രി പിയൂഷ് ഗോയലിനു നല്‍കി. ഇക്കാര്യം വ്യക്തമാക്കി രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചു. റാംവിലാസ് പാസ്വാന്‍ കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ, പൊതുവിതരണം, ഉപഭോക്തൃകാര്യം വകുപ്പുകളുടെ അധിക ചുമതലയായാണ് പിയൂഷ് ഗോയലിന് നല്‍കിയിട്ടുള്ളത്.

കേന്ദ്ര ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായിരുന്ന രാം വിലാസ് പസ്വാന്‍ ഇന്നലെയാണ് അന്തരിച്ചത്. 74 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള നേതാവായ പസ്വാന്‍ രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളില്‍ ഒരാളാണ്. രാഷ്ട്രീയത്തില്‍ രാംവിലാസ് പാസ്വാന്റെ പേരില്‍ ഒന്നിലധികം റെക്കോര്‍ഡുകളുണ്ട്. ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ, ആറു പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രി. 1969ല്‍ ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂര്‍വം ചില നേതാക്കളിലൊരാളായിരുന്നു പസ്വാന്‍.

Exit mobile version