ചെന്നൈ: എഐഎഡിഎംകെ എംഎല്‍എ എ പ്രഭുവിനും ഭാര്യ സൗന്ദര്യക്കും ഒരുമിച്ച് കഴിയാമെന്ന് മദ്രാസ് ഹൈക്കോടതി. 19 കാരിയെ തട്ടിക്കൊണ്ട് പോയതാണെന്ന് ആരോപിച്ച് സൗന്ദര്യയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 19കാരിയായ സൗന്ദര്യക്ക് ആരെ വിവാഹം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
ദലിത് വിഭാഗത്തില്‍ പെട്ട കല്ലക്കുറിച്ചി എംഎല്‍എ ഈയാഴ്ച ആദ്യമാണ് സൗന്ദര്യ എന്ന ബ്രാഹ്മണ യുവതിയെ കല്ല്യാണം കഴിച്ചത്. എന്നാല്‍ ദളിത് വിഭാഗത്തില്‍ പെട്ട പ്രഭുവിനെ ബ്രാഹ്മണ വിഭാഗത്തിലുള്ള സൗന്ദര്യ വിവാഹം കഴിക്കുന്നതില്‍ സൗന്ദര്യയുടെ പിതാവ് സ്വാമിനാഥന് എതിര്‍പ്പായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മകളെ പ്രഭു തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രഭുവിന്റെ ആളുകള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്വാമിനാഥന്‍ ആരോപിച്ചിരുന്നു. പ്രഭുവിന്റെ ജാതിയല്ല തനിക്ക് പ്രശ്‌നമെന്നും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമാണ് എതിര്‍പ്പിന് കാരണമെന്നുമാണ് സ്വാമിനാഥന്‍ അവകാശപ്പെട്ടത്. എന്നാല്‍ കോടതി മുന്‍പാകെ ഇക്കാര്യം പറഞ്ഞില്ല. അതേസമയം തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നും സൗന്ദര്യ വെള്ളിയാഴ്ച കോടതിയില്‍ മൊഴിനല്‍കി.ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും സൗന്ദര്യ പറഞ്ഞു. ഇത് പരിഗണിച്ചാണ് കോടതി വിധി.
തങ്ങള്‍ ഇരുവരും പ്രായപൂര്‍ത്തി ആയവരാണെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രണയത്തിലാണെന്നും പറയുന്ന വീഡിയോകള്‍ സൗന്ദര്യയും പ്രഭുവും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഉഭയസമ്മത പ്രകാരമാണ് വിവാഹിതരായതെന്നും വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷത്തോളമായി പ്രഭുവിനെ തന്റെ വീട്ടുകാര്‍ക്ക് അറിയാമെന്നാണ് സൗന്ദര്യ പറയുന്നത്. താനും പ്രഭുവും വിവാഹിതരാകുന്നതിനു മുന്‍പു വരെ പ്രഭുവിന് വീടുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സൗന്ദര്യ പറയുന്നു. സൗന്ദര്യയെ വിവാഹം കഴിച്ചു നല്‍കാന്‍ പ്രഭുവും കുടുംബവും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സ്വാമിനാഥനും ഇവരും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായതെന്നാണ് വിവരം.