തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് കേരളത്തിലെ പെണ്‍പട. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരളത്തില്‍ നിന്ന് ആയിരത്തില്‍ അധികം സ്ത്രീകള്‍ ഒപ്പിട്ട അയോഗ്യതാപത്രം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും നീതി ഉറപ്പാക്കുന്നതില്‍ യോഗിയുടെ ഭരണം പരാജയമാണെന്ന് അയോഗ്യതാപത്രത്തില്‍ പറയുന്നു.
പ്രമുഖ സാഹിത്യകാരികള്‍, സ്ത്രീപക്ഷ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കലാ- സിനിമ – മാധ്യമ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥിനികള്‍, തൊഴിലാളികള്‍ തുടങ്ങി വിവിധ രംഗത്തുനിന്നുള്ളവര്‍ ഒപ്പു വെച്ചിട്ടുണ്ട്. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അപമാനമായ യോഗി ആദിത്യനാഥിന്, മുഖ്യമന്തിയായി തുടരാന്‍ യോഗ്യതയില്ലെന്നും അയോഗ്യതാപത്രത്തില്‍ പറയുന്നു.
യോഗി ഭരിക്കുന്ന യു പിയില്‍ ഒരു ദളിത് പെണ്‍കുട്ടി നേരിട്ട ക്രൂരതയും അതിനെ തുടര്‍ന്ന് യോഗി ഭരണകൂടം ആ പെണ്‍കുട്ടിയുടെ കുടുംബത്തോട് ചെയ്യുന്ന അനീതിയും അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവും അക്ഷന്തവ്യമായ അപരാധവുമാണെന്നും അയോഗ്യതാപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മരണപ്പെട്ട, സ്വന്തം മകളുടെ മൃതശരീരമെങ്കിലും ഒരു നോക്ക് കാണാനുള്ള കുടുംബാംഗങ്ങളുടെ അവകാശത്തെ നിഷേധിക്കുകയും നിയമവിരുദ്ധമായി നിഷ്‌കരുണം വീട്ടുകാരെ പൂട്ടിയിടുകയും ചെയ്‌തെന്നും നിങ്ങള്‍ ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും അപമാനമാണെന്നും അതു കൊണ്ട് നിങ്ങള്‍ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ലഎന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്നും അയോഗ്യതാപത്രത്തില്‍ പറയുന്നു.
Discussion about this post