ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കോണ്‍ഗ്രസ് രംഗത്ത്. പുതിയ അഴിമതി ആരോപണവുമായാണ് ഇത്തവണ കോണ്‍ഗ്രസ് രംഗത്തെത്തിയത്. 40,000 കോടിയുടെ ഇരുമ്പയിര് കുംഭകോണ ആരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഇരുമ്പയിര് കയറ്റുമതിക്കുള്ള നിയമങ്ങള്‍ മാറ്റിയതോടെ കോടികളുടെ അഴിമതി നടന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഖനന വ്യവസായത്തില്‍ ചങ്ങാത്ത മുതലാളിമാരെ കൈവിട്ട് സഹായിച്ചതിലൂടെ അഴിമതി നടന്നുവെന്ന്് കോണ്‍ഗ്രസിന്റെ ആരോപിക്കുന്നു.
2014ന് മുമ്പുവരെ ഇരുമ്പയിര് കയറ്റുമതിക്ക് 30 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിങ് കോര്‍പ്പറേഷനായിരുന്നു കയറ്റുമതി ചുമതല. 64 ശതമാനം സാന്ദ്രതയുള്ള ഇരുമ്പയിര് കയറ്റുമതി ചെയ്യാന്‍ കോര്‍പ്പറേഷന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയും വേണമായിരുന്നു.
എന്നാല്‍ 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിയമങ്ങളിലെല്ലാം മാറ്റം വരുത്തി. ഇതോടെ സ്വകാര്യ കമ്പനികള്‍ മേഖലയിലേക്ക് നിര്‍ബാധം കടന്നുവന്നു. ഇതിന്റെ ചുവടുപിടിച്ച് ചൈന, ജപ്പാന്‍, തായ്വാന്‍ എന്നിവിടങ്ങളിലേക്ക് കുദ്രെമുക് ആയണ്‍ ഓര്‍ കമ്പനിക്ക് ഇരുമ്പയിര് കയറ്റുമതിക്ക് അനുമതി നല്കി.
എന്നാല്‍ മറ്റ് സ്വകാര്യ കമ്പനികളും കയറ്റുമതി ചെയ്തു. സ്വകാര്യ കമ്പനികളെല്ലാം കൂടി ഇരുമ്പയിര് കയറ്റുമതി ചെയ്തു. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന തീരുവ എടുത്തുകളഞ്ഞതോടെ ഖജനാവിലേക്കെത്തേണ്ട കോടികള്‍ മുതലാളിമാരുടെ കൈകളിലായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.