ഹൈദരാബാദ്: ഗോ-കാര്‍ട്ടിങ്ങിനിടെ ചക്രത്തില്‍ മുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ബി ടെക് വിദ്യാര്‍ഥിനിയായ ശിവവര്‍ഷിണിയാണ് മരിച്ചത്. തെലങ്കാനയിലെ ഗുരംഗുഡയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഇന്നലെയാണ് അപകടം നടന്നത്.
ശിവവര്‍ഷിണി ഹെല്‍മെറ്റ് ധരിച്ചിരുന്നുവെങ്കിലും പാതിവഴിയില്‍ ഹെല്‍മെറ്റ് ഊരിപ്പോകുകയും മുടി ടയറില്‍ കുടുങ്ങുകയുമായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ ശിവവവര്‍ഷിണിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അതേസമയം ഗോ-കാര്‍ട്ട് സോണ്‍ നടത്തിപ്പുകാരുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്നാണ് ശിവവര്‍ഷിണിയുടെ ബന്ധുക്കള്‍ ആരോപിച്ചത്. ഹെല്‍മറ്റ് ചിന്നിച്ചിതറിയിരുന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഗോ-കാര്‍ട്ട് നടത്തിപ്പുകാര്‍ക്കെതിരെ മീര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ബന്ധുക്കള്‍.