ന്യൂഡൽഹി: കൊവിഡ് 19 രോഗപ്രതിരോധത്തിന് ആയുർവേദ-യോഗ രീതികൾ അടിസ്ഥാനമാക്കി ചികിത്സാ മാർഗരേഖ പുറത്തിറക്കിയതിൽ കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് ഐഎംഎ കത്തെഴുതി. കേന്ദ്രം നിർദേശിച്ച ആയുഷ് ചികിത്സാവിധികൾക്ക് പരിമിതമായ ശാസ്ത്രീയ തെളിവുകളാണുള്ളത്.
ആയുർവേദ-യോഗാ ചികിത്സാ പദ്ധതികളുടെ ശാസ്ത്രീയവും അനുഭവപരവുമായ തെളിവുകൾ കൊവിഡ് പ്രതിരോധത്തിന് ആയുർവേദ മരുന്നുകൾ നൽകാമെന്ന് അവകാശപ്പെടാൻ മതിയാകുന്നതല്ലെന്നും ഐഎംഎ കത്തിൽ പറയുന്നു. കൊവിഡ് 19-നെ പ്രതിരോധിക്കാൻ ഈ ചികിത്സാപദ്ധതികൾ പ്രകാരം ഏതെങ്കിലും മരുന്നിന് സാധിക്കുമെന്നതിന് തൃപ്തികരമായ തെളിവ് ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ ലഭ്യമായിട്ടുണ്ടെങ്കിൽ അത് നൽകണം. അലോപ്പതി ഇതര ചികിത്സാരീതികൾക്ക് കൊവിഡിനെ പ്രതിരോധിക്കാനാവുമെന്ന് സർക്കാരിന് ഉറപ്പുണ്ടെങ്കിൽ കൊവിഡ് ചികിത്സ ആയുഷ് മന്ത്രാലയത്തിന് കൈമാറാൻ തയ്യാറുണ്ടോയെന്നും ഐഎംഎ കത്തിൽ ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് കൊവിഡിനെ നേരിടാൻ ആയുർവേദവും യോഗയും അടിസ്ഥാനമാക്കിയുള്ള ചികിത്സാ പ്രോട്ടോക്കോൾ കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയത്. ലക്ഷണങ്ങളുള്ള രോഗികൾക്കും ലക്ഷണങ്ങളില്ലാത്ത രോഗികൾക്കും സ്വീകരിക്കാവുന്ന ആയുർവേദ മരുന്നുകൾ കൊണ്ടുള്ള ചികിത്സകളെ കുറിച്ചും ഇതിൽ പറഞ്ഞിരുന്നു.
Discussion about this post