മുംബൈ: ടിആർപി റേറ്റിങിൽ കൃത്രിമത്വം കാണിച്ച സംഭവത്തിൽ റിപ്പബ്ലിക് ടിവി ചാനലിന്റെ എംഡിയും എഡിറ്റർ ഇൻ ചീഫുമായ അർണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകൾ മുറുകുന്നു. ഉടൻ തന്നെ അർണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരം ബിർ സിംഗ് അറിയിച്ചു.
ഇതിനിടെ, സംഭവത്തിൽ കമ്മീഷണർക്കെതിരെ ആരോപണങ്ങളുയർത്തി വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ അർണാബ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കമ്മീഷണറുടെ നടപടികൾ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പരം ബിർ സിങ് തീർക്കുന്നതെന്നാണ് അർണാബ് ആരോപിക്കുന്നത്.
അതേസമയം, ടിആർപി റേറ്റിംഗ് വിവരങ്ങൾ നൽകുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിൽ (ബാർകോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളിൽ കൃത്രിമത്വം കാണിച്ചെന്നാണ് പോലീസ് പറയുന്നത്. ടിആർപി റേറ്റിംഗ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകൾ മുംബൈയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇൻസ്റ്റാൾ ചെയ്ത സ്ഥലങ്ങൾ രഹസ്യമാണ്. എന്നാൽ ഈ ബാരോമീറ്റർ സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട മുൻ ജീവനക്കാർ അതിനെ സ്വാധീനിക്കുന്നതായും പോലീസ് കണ്ടെത്തി.
റിപബ്ലിക് ടിവി ബോക്‌സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകൾ ടിആർപി റാക്കറ്റിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരംബിർ സിങ് മാധ്യമങ്ങളോട് വ്യക്തമാക്കി.