വാഷിങ്ടൺ: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയുടെ ജിഡിപി ഈ സാമ്പത്തിക വർഷം 9.6 ശതമാനം ഇടിയുമെന്ന് ലോകബാങ്ക്. ലോക്ക്ഡൗൺ കാരണം സാമ്പത്തിക മേഖലയിലുണ്ടായ തളർച്ചയാണ് ഇതിനു കാരണമെന്ന് ലോകബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ലോകബാങ്കിന്റെ സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021 ൽ പ്രാദേശിക വളർച്ച 4.5 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യയിലെ തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും രാജ്യാന്തരതലത്തിൽ ചർച്ചയായിരിക്കെയാണ് ലോകബാങ്കിന്റെ മുന്നറിയിപ്പ്.
‘നമ്മളിതുവരെ കണ്ടതിനേക്കാൾ എത്രയോ മോശമായ സാഹചര്യമാണ് ഇന്ത്യയിലിപ്പോൾ,’ ‘ ഇന്ത്യയിൽ ഇത് അസാധാരണമായ സാഹചര്യമാണ്. വളരെ മോശമായ സ്ഥിതി,’ വേൾഡ് ബാങ്കിന്റെ സൗത്ത് ഏഷ്യ ചീഫ് എകണോമിസ്റ്റ് ഹാൻസ് ടിമ്മർ വ്യാഴാഴ്ച വിളിച്ചു ചേർത്ത കോൺഫറൻസ് യോഗത്തിൽ പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ പ്രതിശീർഷ വരുമാനം 2019 ലെ എസ്റ്റിമേറ്റിനേക്കാൾ 6 ശതമാനത്തിൽ താഴെയായി തുടരുമെന്നും കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തളർച്ചയെ പെട്ടെന്ന് മറികടക്കാനാവില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊവിഡ് വ്യാപനവും നിയന്ത്രണ നടപടികളും രാജ്യത്തെ വിതരണ ശൃംഖലയെ കാര്യമായി ബാധിച്ചെന്നാണ് ലോകബാങ്ക് പറയുന്നത്.
Discussion about this post