മുംബൈ: റോഡുകളാണ് രാജ്യത്തിന്റെ സമ്പത്ത്, അവയുടെ ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മോശമായി പണിതിരിക്കുന്ന റോഡുകള്‍ കണ്ടാല്‍ കരാറുകാരന്റെ പുറത്തുകൂടെ ബുള്‍ഡോസര്‍ കയറ്റുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. തുഹിന്‍ എ സിന്‍ഹയുടെ ‘ഇന്ത്യ ഇന്‍സ്‌പെയേഴ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ പത്ത് ലക്ഷം കോടിയുടെ പ്രവൃത്തിക്കാണ് കരാര്‍ നല്‍കിയത്. മോശാവസ്ഥയില്‍ പണിതിരിക്കുന്ന റോഡുകള്‍ കണ്ടാല്‍ പുറത്ത് ബുള്‍ഡോസര്‍ കയറ്റുമെന്ന് കരാറുകാരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സമ്പത്താണ് റോഡുകള്‍,അതിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടിവീഴ്ചയും ഇല്ലെന്നും -ഗഡ്കരി പറഞ്ഞു. ഇന്ത്യ ഇന്‍സ്‌പെയേഴ്‌സ് എന്ന പുസ്തകത്തില്‍ ഗഡ്കരി മുന്‍കൈയെടുത്ത് നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്.
അതെസമയം ഭീകരാക്രമണത്തില്‍ മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേരാണ് രാജ്യത്ത് റോഡില്‍ മരിക്കുന്നതെന്നും , പുറത്ത് വരുന്ന കണക്കുകള്‍ ഭയപ്പെടുത്തുന്നതാണെന്നും സുപ്രീംകോടതി ഇന്നലെ പറഞ്ഞിരുന്നു. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതുകൊണ്ടാണ് ഇത്രയധികം പേര്‍ മരിക്കാനിടയായതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി , വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.