ന്യൂഡല്‍ഹി: കര്‍ഷകറാലിയില്‍ പങ്കെടുക്കാനെത്തണമെന്ന് നാലു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വംകൂടി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ നടത്തിയ ട്രാക്ടര്‍ യാത്ര വന്‍ വിജയമായതിന് പിന്നാലെയാണ് നാല് സംസ്ഥാനങ്ങള്‍ കൂടി റാലിയില്‍ പങ്കെടുക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടത്.
‘കൃഷിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ ട്രാക്ടര്‍ യാത്ര. ചൊവ്വാഴ്ച രാത്രി കുരുക്ഷേത്രയില്‍ സമാപിച്ച യാത്ര വന്‍ വിജയമായിരുന്നെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇതിന് പിന്നാലെയാണ് രാജസ്ഥാന്, ഛത്തീസ്ഗഢ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാനഘടകങ്ങള്‍ കര്‍ഷകറാലിയില്‍ പങ്കെടുക്കാന്‍ രാഹുലിനോടാവശ്യപ്പെട്ടത്.
ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് എ.ഐ.സി.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നവംബര്‍ 14-ന് രണ്ടു കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതിക്ക് നല്കുന്നതിനു മുന്നോടിയായി ഡല്‍ഹിയില്‍ റാലി നടത്തുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിക്കുന്ന ആദ്യസംസ്ഥാനമാവാന് ഛത്തീസ്ഗഢ് ഒരുങ്ങുന്നത്. നേരത്തേ കോണ്‍ഗ്രസ് എം.പി. ടി.എന്‍. പ്രതാപന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Discussion about this post