ലഖ്നൗ; ഉത്തര്‍പ്രദേശിലെ ഹഥ്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ നിരന്തരമായി ചിലര്‍ കുറ്റപ്പെടുത്തുകയാണെന്നും അതുകൊണ്ട് തന്നെ ഈ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോവുകയാണെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങള്‍ ഗ്രാമത്തില്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു. ജീവിക്കാന്‍ ഒരു വഴിയും ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്പിലില്ല. ഈ സാഹചര്യത്തെ ഞങ്ങള്‍ ഏറെ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ബന്ധുവീട്ടിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. കഠിനാധ്വാനം ചെയ്താണ് ഞങ്ങള്‍ ഇവിടെ ജീവിച്ചുപോന്നത്. എവിടെ പോയാലും ഞങ്ങള്‍ അത് തന്നെ തുടരും, ഹഥ്രാസ് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.
സ്ഥിതി വളരെ മോശമാണ്, ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഗ്രാമം വിട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഞങ്ങളുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. എന്റെ ഇളയ സഹോദരന് പോലും ജീവന് ഭീഷണിയുണ്ട്’ , പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരനും വ്യക്തമാക്കി. ഞങ്ങളുടെ അവസ്ഥ മനസിലാക്കാനോ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് അറിയാനോ പോലും ആരും വന്നില്ലെന്നും സഹോദരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post