ലഖ്നൗ: ഹഥ്റാസിലെ പെൺകുട്ടിയുടെ വീട്ടുകാർക്ക് കനത്ത സുരക്ഷയൊരുക്കി യുപി പോലീസ്. ഹഥ്റാസ് സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കുടുംബത്തിനുള്ള സുരക്ഷ കർശനമാക്കാൻ യുപി പോലീസിന് സർക്കാർ നിർദേശം നൽകിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വീട് 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ഉയർന്ന ജാതിക്കാരായ യുവാക്കളാണ് ഹഥ്റാസിലെ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർക്ക് നേരെ പ്രതികളുടെ സമുദായക്കാരിൽ നിന്നും ഭീഷണിയും ഉയർന്നിരുന്നു. ഇതോടെയാണ് പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കുടുംബത്തിന്റെ സുരക്ഷയ്ക്കായി ലോക്കൽ പോലീസ് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ നിരീക്ഷണത്തിനായി വീടിന് ചുറ്റും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി രണ്ട് വനിത എസ്ഐയെയും ആറ് വനിത കോൺസ്റ്റബിളിനെയും പെൺകുട്ടിയുടെ വീട്ടിൽ നിയോഗിച്ചിട്ടുണ്ടെന്ന് ഹഥ്റാസ് എസ്പി വിനീത് ജയ്സ്വാൾ വ്യക്തമാക്കി. പെൺകുട്ടിയുടെ സഹോദരന്റെ സുരക്ഷയ്ക്കായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീടിന് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചുണ്ടെന്ന് എസ്പി കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, ഗ്രാമത്തിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 15 പോലീസുകാർ, മൂന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പ്രവേശന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തുന്നവരെ വീട്ടിലേക്ക് കടത്തിവിടുന്നുള്ളു. കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും എസ്പി വ്യക്തമാക്കി.
Discussion about this post