ദുബായ്: യാത്രക്കാര്‍ക്ക് പുതിയ ഓഫറുമായി എയര്‍ ഇന്ത്യ രംഗത്ത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്രം ചെയ്യാമെന്നാണ് നല്‍കിയിരിക്കുന്ന ഓഫര്‍. 2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
2021 ഡിസംബര്‍ 31 വരെ ഈ ടിക്കറ്റുകളുടെ മൂല്യം അത്ര തന്നെയായി കണക്കാക്കപ്പെടും. എന്നാല്‍ ഈ കാലയളവിനുള്ളില്‍ ബുക്കിങ് വീണ്ടും നടത്തി യാത്ര ചെയ്തിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇക്കാലയളവില്‍ യാത്രക്കാര്‍ക്ക് ഒരു തവണത്തേയ്ക്ക് യാത്രാ തീയതി, വിമാനം, റൂട്ട്, ബുക്കിങ് കോഡ് എന്നിവ മാറ്റാന്‍ അവസരമുണ്ട്.
എന്നാല്‍ ആദ്യം ബുക്കുചെയ്ത ടിക്കറ്റ് നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റെടുത്താല്‍ ബാക്കി തുകയോ, പ്രത്യേക ക്ലാസോ അനുവദനീയമല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേ ക്ലാസ് യാത്രയ്ക്ക് തന്നെ ടിക്കറ്റ് നിരക്ക് കൂടുതലുള്ള സാഹചര്യമുണ്ടായാല്‍ ബാക്കി തുക യാത്രക്കാരില്‍ നിന്നും ഈടാക്കുമെന്നും നിര്‍ദേശമുണ്ട്.
മറ്റ് ക്ലാസുകളിലെ നിരക്ക് കൂടുതലാണെങ്കില്‍ ബാധകമായ നിരക്ക് വ്യത്യാസം ഈടാക്കും. പുതിയ റൂട്ടിലേക്കാണ് പോകാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിലവിലുള്ള ടിക്കറ്റ് നിരക്കിന് അനുസരിച്ച് പുതിയ ടിക്കറ്റ് നിരക്ക് ക്രമീകരിക്കും.