ന്യൂഡല്‍ഹി: എന്ത് ഭീഷണി വന്നാലും പശ്ചിമബംഗാളില്‍ നടത്താന്‍ നിശ്ചയിച്ച റാലി പിന്‍വലിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. റാലി നിലവില്‍ നീട്ടി വെക്കാന്‍ തീരുമാനിച്ചെന്നു മാത്രമേയുള്ളു. പിന്‍വലിച്ചിട്ടില്ല. അടുത്ത് തന്നെ ബംഗാളില്‍ ബിജെപി റാലി നടത്തിയിരിക്കും. തങ്ങളെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ബിജെപിക്ക് ബംഗാളില്‍ ലഭിക്കുന്ന സ്വീകാര്യത മമത ബാനര്‍ജിയെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ തങ്ങളെ അവിടെ നിന്നും അകറ്റാന്‍ നോക്കുന്നത്. എന്നാല്‍ എങ്ങനെയൊക്കെ എതിര്‍ത്താലും ബിജെപിയുടെ ജനപിന്തുണ ഇല്ലാതാക്കാന്‍ മമതയ്ക്കാവില്ല. ഞങ്ങള്‍ അവിടെ റാലി നടത്തിയിരിക്കും- ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ അമിത് ഷാ പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധിയ്ക്കെതിരെ ബിജെപി കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയും ചെയ്തിരുന്നു.
രഥയാത്രക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് മമതാ സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് സമയം ലഭിച്ചിട്ടില്ലെന്ന് മമതാ സര്‍ക്കാറിന്റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി നടപടി. 2019 ജനുവരി ഒമ്പതുവരെ റാലിപോലുള്ള പരിപാടികളൊന്നും സംഘടിപ്പിക്കരുതെന്നും ബിജെപിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.