റാഞ്ചി: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ രണ്ടുവര്‍ഷത്തെ ആശുപത്രിവാസത്തെ പരിഹസിച്ച് ബിജെപി രംഗത്ത്. രോഗിയായി രണ്ടുവര്‍ഷക്കാലം ആശുപത്രിയില്‍ കഴിഞ്ഞ ആര്‍ജെഡി നേതാവ് എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുകയാണെന്ന് ബിജെപി പരിഹസിച്ചു.
കഴിഞ്ഞ രണ്ടുവര്‍ഷമായി ലാലു പ്രസാദ് യാദവ് ജാര്‍ഖണ്ഡിലെ പ്രീമിയര്‍ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. ലാലു പ്രസാദ് യാദവിന്റെ ആശുപത്രി വാസത്തെ പരിഹസിച്ച ബിജെപി അദ്ദേഹത്തെ ഉടന്‍ തന്നെ ജയിലിലേക്ക് തിരിച്ചയയ്ക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്ക് ലാലുഭയം ബാധിച്ചിരിക്കുകയാണെന്ന് ആര്‍ജെഡി തിരിച്ചടിച്ചു. ലാലുപ്രസാദ് യാദവ് ജയില്‍ മാന്വലുകളെയും കോടതിയേയും ബഹുമാനിക്കുന്നുവെന്നും ബിഹാറില്‍ ബിജെപിയുടെ നില ദുര്‍ബലമായതിനാല്‍ യുക്തിരഹിതമായ പ്രസ്താവനകള്‍ ഇറക്കുകയാണെന്നും ആര്‍ജെഡിയുടെ ജാര്‍ഖണ്ഡ് പ്രസിഡന്റ് അഭയ് സിങ് പറഞ്ഞു.
കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 23 മുതല്‍ ലാലുപ്രസാദ് യാദവ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ലാലുപ്രസാദ് യാദവിനെ 2018 ഓഗസ്റ്റിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഓഗസ്റ്റ് അഞ്ചുമുതല്‍ പേ വാര്‍ഡില്‍ അദ്ദേഹം ചികിത്സയിലാണ്. കോവിഡ് 19 പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ആശുപത്രി ഡയറക്ടറുടെ ബംഗ്ലാവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ടൈപ്പ് ടു പ്രമേഹരോഗിയാണ് ലാലുപ്രസാദ്. നിരവധി മറ്റ് അസുഖങ്ങളുമുണ്ട്.
എന്നാല്‍ നിലവില്‍ ലാലുപ്രസാദ് യാദവിന്റെ നില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന മുതിര്‍ന്ന ഡോക്ടറായ ഉമേഷ് പ്രസാദ് പറഞ്ഞു. രണ്ടുവര്‍ഷത്തെ ആശുപത്രി വാസത്തെ തുടര്‍ന്ന് 7 ലക്ഷം രൂപയിലധികമാണ് ലാലുപ്രസാദ് ആശുപത്രിയില്‍ അടച്ചത്.
Discussion about this post