ലഖ്‌നൗ: ഹഥ്രാസിനെ പോലീസ് വലയത്തിലാക്കി അടച്ചുപൂട്ടിയിട്ടും സന്ദർശനം നടത്തി ഇടതു നേതാക്കൾ. ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലെത്തി അച്ഛനമ്മമാരെ നേതാക്കൾ ആശ്വസിപ്പിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് എന്നിവരാണ് പെൺകുട്ടിയുടെ അച്ഛനമ്മമാരെ സന്ദർശിച്ചത്. നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളും പെൺകുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു.
യുപിയിലെ ഹാത്രാസിൽ സെപ്തംബർ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ ശേഖരിക്കാൻ പോയ സമയത്താണ് നാല് പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോലീസ് രാത്രി തന്നെ കത്തിച്ചുകളഞ്ഞതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നേരത്തെ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ, പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ എആർ സിന്ധു, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, കർഷക തൊഴിലാളി യൂണിയൻ ദേശീയ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ട്രഷറർ പുണ്യവതി, സംഘടനയുടെ ജോയിന്റ് സെക്രട്ടറി ആശാ ശർമ എന്നിവരാണ് ഹാഥ്രാസ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്.
കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഹാഥ്രാസിലെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെ ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദും ഇവിടം സന്ദർശിച്ചിരുന്നു
അതേസമയം ഹാത്രാസിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ യോഗി സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനും കരുതികൂട്ടി അക്രമുണ്ടാക്കാനുമാണ് പ്രദേശത്ത് പ്രതിഷേധങ്ങൾ നടത്തുന്നതെന്നാരോപിച്ച് പോലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Discussion about this post