മംഗളൂരു: കോളേജ് മാനേജ്മെന്റുകളും ഏജന്റുമാരും ചേര്‍ന്ന് നടത്തിയ പ്രവേശന തട്ടിപ്പിന് ഇരായായി മലയാളി വിദ്യാര്‍ത്ഥികളും. മംഗളൂരുവിലടക്കം കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ നിന്നു വിദ്യാര്‍ഥികളെ കൂട്ടത്തോടെയാണ് പുറത്താക്കുന്നത്. മംഗളൂരുവിലെ വിവിധ കോളജുകളില്‍ മാസങ്ങള്‍ക്കു മുമ്പ് പ്രവേശനം നേടിയ നിരവധി വിദ്യാര്‍ത്ഥികളെ പുറത്താക്കി കഴിഞ്ഞു. സ്വകാര്യ നഴ്സിങ് കോളജുകളില്‍ 20 ശതമാനം സീറ്റ് സര്‍ക്കാര്‍ ക്വാട്ടയാണ്.
കര്‍ണാടകത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ കൗണ്‍സിലിങ് നടത്തിയാണ് ഈ സീറ്റുകളിലേക്കു പ്രവേശനം. വര്‍ഷങ്ങളായി ഈ സീറ്റുകളില്‍ ആവശ്യത്തിനു വിദ്യാര്‍ത്ഥികള്‍ ഉണ്ടാകാറില്ല. ഈ സീറ്റുകളിലേക്കും മാനേജമെന്റ് പ്രവേശനം നടത്താറാണു പതിവ്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഒഴിഞ്ഞു കിടക്കുന്ന മെറിറ്റു സീറ്റുകള്‍ സര്‍ക്കാറിന്റെ അനുമതി വാങ്ങിയാണു പ്രവേശനം സ്ഥിരീകരിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും വിദ്യാര്‍ത്ഥികളെ അറിയിക്കാറില്ല.
ഇത്തവണയും സര്‍ക്കാര്‍ ക്വാട്ടയില്‍ വിദ്യാര്‍ത്ഥികള്‍ വരില്ലെന്ന ധാരണയില്‍ മാനേജ്മെന്റുകള്‍ നേരിട്ട് മുഴുവന്‍ സീറ്റിലും പ്രവേശനം നടത്തി. എന്നാല്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളില്‍ മിക്കവാറും വിദ്യാര്‍ത്ഥികള്‍ ചേരുന്ന സാഹചര്യമാണ്. ഇതോടെ, മാനേജ്മെന്റ് പ്രവേശനം നല്കിയ വിദ്യാര്‍ത്ഥികളെ പുറത്താക്കേണ്ട സ്ഥിതിയും സംജാതമായി.
സര്‍ക്കാര്‍ ക്വാട്ടയില്‍ രണ്ടും ഘട്ടം കൗണ്‍സിലിങ് പൂര്‍ത്തിയായപ്പോള്‍ തന്നെ മംഗളൂരുവിലടക്കം മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളെ വിവിധ കോളജുകളില്‍ നിന്നു പുറത്താക്കിക്കഴിഞ്ഞു. മൂന്നാം ഘട്ട കൗണ്‍സിലിങ് തിങ്കളാഴ്ച നടക്കുകയാണ്. ഇതു കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നാണ് വിലയിരുത്തല്‍.
Discussion about this post